Friday 6 September 2013

അവയവദാനം മഹാദാനം - ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ

           
            ബസില്‍വച്ച് ആദ്യമായി പരിചയപ്പെട്ട മുസ്ലീം സഹോദരന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്തുകൊണ്ട് അവയവദാനത്തിന്റെയും സഹോദരസ്നേഹത്തിന്റെയും മാതൃക കാണിച്ചുതന്ന ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ , പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങളുമായി തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.

Tuesday 3 September 2013

മായംചേര്‍ക്കലും ജിവിതശൈലി രോഗങ്ങളും

പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ നേച്ചര്‍ ക്ലബിന്റെ നേതൃത്വത്തില്‍ ഭക്ഷണത്തിലെ മായംചേര്‍ക്കലും ജിവിതശൈലി രോഗങ്ങളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടന്നു. കെയര്‍ ഫോര്‍ ഇന്‍ഡ്യ ഡയറക്ടര്‍ ശ്രീ.സന്തോഷ് അറയ്ക്കല്‍ ക്ലാസ് നയിച്ചു. സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി ബിനു ജോര്‍ജ്ജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Friday 30 August 2013

ഇലക്കറികള്‍കൊണ്ട് ഓണസദ്യ ഒരുക്കാം..

           പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഇത്തവണ ഓണം ഉണ്ണുന്നത് വീട്ടുപരിസരത്തുനിന്ന് ലഭിക്കുന്ന ചൊറിയണങ്ങുള്‍പ്പെടെയുള്ള വിവിധ ഇലക്കറികളുപയോഗിച്ചാണ് എന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. കാരണം ഉപയോഗശൂന്യമെന്നുകരുതി നാം ശ്രദ്ധിക്കാതെപോകുന്ന ഇത്തരം ചെടികളെ എങ്ങിനെ സ്വാദിഷ്ടമായ വിഭവങ്ങളാക്കിമാറ്റാമെന്ന പരിശീലനം 'ഇലയറിവ് ' പരിപാടിയിലൂടെ അവര്‍ക്കുലഭിച്ചുകഴിഞ്ഞു
            അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, കണ്ണൂരിലെ വഴിവിളക്ക് അക്കാദമിയുടെയും പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെയും പിന്തുണയോടെയാണ് 'ഇലയറിവ് ' സംഘടിപ്പിച്ചത്. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്. വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി ഇലവര്‍ഗ്ഗങ്ങള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്നുണ്ട്. അവ രുചികരമായി പാകം ചെയ്ത് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന പരിപാടികളാണ് ഇലയറിവില്‍ ഉള്‍പ്പെടുത്തിയിരുന്നത്
            പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമായ എഴുപത്തിരണ്ടിലധികം ഇലവര്‍ഗ്ഗ ചെടികളും ചീരകളും സെമിനാറില്‍ ആധികാരികമായി പരിചയപ്പെടുത്തി. ഇലകളുടെ രുചിപാചകം പുതുമയാര്‍ന്ന അനുഭവമായിരുന്നു. സ്കൂള്‍ പരിസരത്തുനിന്ന് ലഭിച്ച ചൊറിയണങ്ങും ചേനയിലയും ചുരുളിയും മണിച്ചീരയുമൊക്കെ പാകം ചെയ്ത് സ്വാദിഷ്ടമായ കറികളാക്കി സദസിന് വിളമ്പിയപ്പോള്‍ , അതു രുചിച്ചനോക്കിയവര്‍ അമ്പരന്നുപോയി. നമ്മുടെ തൊടികളില്‍ സുലഭമായി ലഭിക്കുന്ന ഈ ഇലക്കറികള്‍ ഉപേക്ഷിച്ചാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിഷമയമായ പച്ചക്കറികള്‍ നാം ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്നതായിരുന്നു ഈ പരിപാടി
            ഈ ബോധ്യം എല്ലാവര്‍ക്കും ലഭിക്കണം എന്ന ചിന്തയോടെ, സ്കൂള്‍ അധികൃതര്‍ ഇലയറിവ് പരിപാടിയിലേയ്ക്ക് പൊതുജനങ്ങളെയും ക്ഷണിച്ചിരുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി, വിവിധ കര്‍ഷക സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിസ്ഥിതി കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മുന്നൂറോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. ഇത്തവണ ഓണത്തിന് കോട്ടയം ജില്ലയിലെ നിരവധി ഭവനങ്ങളില്‍ ഇലക്കറികള്‍ ഒരു പ്രധാന വിഭവമായിയെത്തും എന്ന ശുഭപ്രതീക്ഷയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.

Tuesday 27 August 2013

CIVIL ZEST 2013

            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കരിയര്‍ ക്ലബിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് ഓറിയെന്റേഷന്‍ നടന്നു.( Civil Service Orientation Workshop) ശ്രീ. ജ്യോതിസ് മോഹന്‍ IRS (അസി. ഇന്‍കംടാക്സ് കമ്മീഷനര്‍)ഉദ്ഘാടനം ചെയത വര്‍ക്ക്ഷോപ്പില്‍,  സാംതോം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സി. ജയറക്ടര്‍ ഡോ. പി.ജെ. വര്‍ക്കി ക്ലാസ്  നയിച്ചു. മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ദേസവ്യാ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.


Tuesday 20 August 2013

അശ്ലീല പോസ്റ്ററുകള്‍ക്കെതിരേ അന്റോണിയന്‍ ക്ലബ്..


അശ്ലീലതയും വയലന്‍സും നിറഞ്ഞ സിനിമാ പോസ്റ്ററുകളും പരസ്യങ്ങളും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും നിവേദനം നല്‍കുന്നു.

                            സഭ്യതയുടെ അതിരുകടക്കുന്ന രീതിയില്‍ സിനിമാ പോസ്റ്ററുകളില്‍ കാണപ്പെടുന്ന അശ്ലീലതയ്ക്കും വയലന്‍സിനും എതിരേ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ക്ലബ് അംഗങ്ങള്‍ രംഗത്ത്. സ്കൂളിനു സമീപം ഒട്ടിച്ചിരുന്ന ഒരു തമിഴ് സിനിമയുടെ പോസ്റ്ററില്‍ കണ്ട ചില ദൃശ്യങ്ങളാണ് ക്ലബ് അംഗങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. അര്‍ദ്ധനഗ്നരായ യുവതികളുടെ അശ്ലില ചിത്രങ്ങളോടൊപ്പം ഒരാള്‍ കത്തി ഉപയോഗിച്ച് ഒരു യുവതിയുടെ കഴുത്ത് മുറിയ്ക്കുന്ന ക്രൂര ദൃശ്യവും ഈ പോസ്റ്ററില്‍ ഉണ്ടായിരുന്നു.
             "ഈ കാഴ്ച്ച ഞങ്ങള്‍ കുട്ടികളടക്കമുള്ളവര്‍ ആഴ്ച്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അക്രമവാസനകളും സ്ത്രീ പീഢനങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ ഇത്തരം പോസ്റ്ററുകളും ഒരു പങ്കുവഹിക്കുന്നുണ്ട്. ഇന്ന് കേരളം മുഴുവന്‍ ഷെഫീക്കിനായി പ്രാര്‍ഥിക്കുമ്പോള്‍, അത്തരം ദുരവസ്ഥകളിലേയ്ക്ക് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ എത്തിച്ചേരുന്നതിനുപിന്നില്‍ ഇതും ഒരു കാരണമല്ലേ..?” ക്ലബ് അംഗങ്ങള്‍ ചേദിക്കുന്നു.
                  അന്റോണിയന്‍ ക്ലബിന്റെ മാസമീറ്റിംഗില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു. ഈ രീതിയില്‍ അക്രമങ്ങളും അശ്ലീലതയും നിറഞ്ഞ പോസ്റ്ററുകളും പരസ്യങ്ങളും പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് കുട്ടികള്‍ നിവേദനം തയ്യാറാക്കുകയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെത്തി പ്രസിഡന്റിനും സെക്രട്ടറിയ്ക്കും കൈമാറുകയും ചെയ്തു.
                നന്മയ്ക്കായുള്ള പ്രതികരണങ്ങള്‍ കുറഞ്ഞുവരുന്ന ഈ കാലത്ത്, ഒരു സാമൂഹ്യവിപത്തിനെതിരേ തങ്ങളാലാവുംവിധം പ്രതികരിക്കുവാനുള്ള ശ്രമത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍.

Thursday 1 August 2013

പുകയിലവിരുദ്ധ ബോധവത്ക്കരണ പരിപാടി

            പൂഞ്ഞാര്‍ പി.എച്ച്.സി. -യുടെ സഹകരണത്തോടെ കുട്ടികള്‍ക്കായി പുകയിലവിരുദ്ധ ബോധവത്ക്കരണ പരിപാടി സ്കൂളില്‍ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. തുടര്‍ന്ന് പി.എച്ച്.സി. യിലെ ഡോക്ടര്‍മാര്‍ നയിച്ച വിവിധ ക്ലാസുകളും നടന്നു.


Friday 19 July 2013

ഉത്തരാഖണ്ഢിന് സഹായവുമായി കുരുന്നുകള്‍..

         പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 'ഉത്തരാഖണ്ഢിന് ഒരു രൂപ' പദ്ധതി , സ്കൂളിലെ ആന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടന്നു. ഉത്തരാഖണ്ഢില്‍ സംഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി കുട്ടികളെ ...ബോധ്യപ്പെടുത്തിക്കൊണ്ടും മലയാള മനോരമയുടെ 'ഉത്തരാഖണ്ഢിന് ഒരു രൂപ' എന്ന നന്മ പ്രവൃത്തിയില്‍ പങ്കുചേരുവാന്‍ എല്ലാവരെയും ആഹ്വാനം ചെയ്തുകൊണ്ടും ബോധവത്ക്കരണ പരിപാടിയാണ് ആദ്യം സംഘടിപ്പിച്ചത്. ഈ പുണ്യകര്‍മ്മത്തിന്റെ പ്രാധാന്യം മനസിലാക്കിയ സ്കൂള്‍ ഒന്നടങ്കം പദ്ധതിയുമായി പൂര്‍ണ്ണമായി സഹകരിച്ചു.
         പൈസ ശേഖരിക്കുവാനായി പ്രത്യേക പാത്രങ്ങള്‍ ക്ലബ് അംഗങ്ങള്‍ തയ്യാറാക്കി. 'ഉത്തരാഖണ്ഢിന് ഒരു രൂപ' എന്ന സന്ദേശം പതിച്ച ഈ പാത്രങ്ങളുമായി നല്ലപാഠം പ്രവര്‍ത്തകരായ കുട്ടികള്‍ എല്ലാ ക്ലാസുകളിലും കയറിയിറങ്ങി. ശേഖരിച്ച പൈസ എണ്ണിത്തിട്ടപ്പെടുത്തിയതും മണിയോഡറായി അയച്ചതുമെല്ലാം ഈ കുട്ടികള്‍തന്നെയാണ്. 1425 രൂപയാണ് ഒരു രൂപത്തുട്ടുകളായിമാത്രം ഇവര്‍ ശേഖരിച്ചത്.
         ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ജ്യോതി റോയി പരിപാടിക്കുശേഷം പറഞ്ഞതിങ്ങനെ..
“ വിട്ടില്‍ യാചകര്‍ പാത്രവുമായി ഭിക്ഷയാചിച്ചുവരുമ്പോള്‍ പൈസ നല്‍കുമെങ്കിലും മനസില്‍ അത്ര കാരുണ്യമൊന്നും തോന്നിയിരുന്നില്ല. എന്റെ കയ്യിലേയ്ക്ക് സാര്‍ പാത്രം വച്ചുതന്നപ്പോള്‍ ആദ്യം മടി തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനെന്തോ ഒരു നന്മ ചെയ്തു എന്നു തോന്നുന്നു. മനസില്‍നിന്ന് എന്തൊക്കെയോ ഇറങ്ങിപ്പോയതുപോലെയോ പുതിയതെന്തൊക്കെയോ കിട്ടിയതുപോലെയോ.. ഇനി സഹായത്തിനായി കൈ നിട്ടുന്ന ഒരാള്‍ക്കുനേരെയും കണ്ണടയ്ക്കുവാന്‍ എനിക്കുസാധിക്കില്ല.”

GT@School


Sunday 7 July 2013

ഗ്രീന്‍ ടീമുമായി അന്റോണിയന്‍ ക്ലബ്..



പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന ഗ്രീന്‍ ടീം അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ ഉദ്ഘാടനം, വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട്, പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്ലാവ് ജയന്‍(കെ.ആര്‍.ജയന്‍) നിര്‍വ്വഹിക്കുന്നു. ക്ലബ് കോഡിനേറ്റര്‍ ടോണി തോമസ്, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ., സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം എന്നിവര്‍ സമീപം.

              പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ 'ഗ്രീന്‍ ടീം അറ്റ് സ്കൂള്‍' പ്രോജക്റ്റിന് തുടക്കമായി. സ്കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍, പ്ലാവ് ജയന്‍ എന്നപേരിലറിയപ്പെടുന്ന പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.ആര്‍.ജയന്‍, ജി.റ്റി. അറ്റ് സ്കൂള്‍ പ്രോജക്റ്റ് ഉദ്ഘാടനം ചെയ്തു. പ്രകൃതിയെ നശിപ്പിക്കുകയും അതിന്റെ ദുരന്തം മനുഷ്യന്‍തന്നെ ഏറ്റുവാങ്ങുകയും ചെയ്യുന്ന ഈ കാലത്ത്, ഇത്തരം പ്രവണതകള്‍ക്കെതിരേയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് ജി.റ്റി. അറ്റ് സ്കൂളിന്റെ പ്രധാന ലക്ഷ്യം.
            സെമിനാറുകള്‍, ശില്‍പ്പശാലകള്‍, പഠനയാത്രകള്‍, സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകള്‍ ഉപയോഗിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ഭരണകൂടങ്ങളുമായി സഹകരിച്ചുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രോജക്റ്റിന്റെ ഭാഗമായി നടക്കും. പരിസ്ഥിതി സംഘടനയായ 'ശ്രദ്ധ'യുടെ പിന്തുണയും ഗ്രീന്‍ ടീമിനുണ്ട്.
            പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍, ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ., പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ്, പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ടോണി തോമസ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.

സെന്റ് ആന്റണീസിലെ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി..



'ജനസുരക്ഷ, ജീവരക്ഷ..' പ്രോജക്റ്റുമായി പൂഞ്ഞാറിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍..





Monday 24 June 2013

മെറിറ്റ് ഡേ 2013 - ഫോട്ടോ ഗ്യാലറി




 കൂടുതല്‍ ചിത്രങ്ങള്‍ക്കായി ചുവടെ കാണുന്ന Read more>> -ല്‍ ക്ലിക്ക് ചെയ്യുക..

Saturday 8 June 2013

കുരുന്നുകള്‍ക്ക് സ്വാഗതമോതി പ്രവേശനോത്സവം ന‌‌ടന്നു..

            പുതിയ അദ്ധ്യയന വര്‍ഷത്തിന് ശുഭാരംഭം കുറിച്ചുകൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം നടന്നു. രാവിലെ പത്തുമണിയ്ക്ക് ആരംഭിച്ച പൊതു സമ്മേളനത്തില്‍ , അക്ഷരവെളിച്ചം തേടി സെന്റ് ആന്റണീസിന്റെ പടി ചവിട്ടിയ എല്ലാ കുരുന്നുകളെയും സ്വാഗതം ചെയ്തുകൊണ്ട് പ്രിന്‍സിപ്പാള്‍ ശ്രീ. എ.ജെ.ജോസഫ് സംസാരിച്ചു. 
സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് ചൂണ്ടിയാനിപ്പുറം , വാര്‍ഡ് മെമ്പര്‍ ശ്രീ. അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 
           ബഹു. വിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രി. പി.കെ. അബ്ദുറബ്ബിന്റെ പ്രവേശനോത്സവ സന്ദേശം ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ. സദസിനു മുന്‍പില്‍ അവതരിപ്പിച്ചു. SSA പ്രസിദ്ധപ്പെടുത്തിയ 'പരിരക്ഷയുടെ പാഠങ്ങള്‍..' എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം , ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. തോമസ് ചൂണ്ടിയാനിപ്പുറത്തിന് കൈമാറിക്കൊണ്ട്  ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ. നിര്‍വ്വഹിച്ചു. ( അസുഖംമൂലം  പി.റ്റി.എ. പ്രസിഡന്റിന് പ്രവേശനോത്സവത്തില്‍ സംബന്ധിക്കുവാന്‍ സാധിച്ചില്ല). പ്രവേശനോത്സവ ഗാനവും മിഠായി വിതരണവും ചടങ്ങിന്റെ മാധുര്യം കൂട്ടി. തങ്ങളുടെ വിദ്യാഭ്യാസ ജീവിതത്തെക്കുറിച്ച് എന്നെന്നും മനസില്‍ സൂക്ഷിക്കുന്ന നല്ല ഓര്‍മ്മകളില്‍ ഒന്നായി  ഈ പ്രവേശനോത്സവം കുട്ടികളുടെ മനസില്‍ നിലനില്‍ക്കുമെന്നത് തീര്‍ച്ച. കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

Sunday 2 June 2013

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാര്‍ നടന്നു..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസിലേയ്ക്ക് പ്രവേശിച്ചിരിക്കുന്ന കുട്ടികളുടെ മികച്ച വിജയത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന പ്രത്യേക പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അര്‍ദ്ധദിന സെമിനാര്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. 
 മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതില്‍ കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും  അദ്ദേഹം വിശദമായി സംസാരിച്ചു.
            തുടര്‍ന്ന് , പത്താം ക്ലാസില്‍ ഉന്നത വിജയം കരസ്ഥമാക്കുവാന്‍ കുട്ടികള്‍ മാനസികമായി ഒരുങ്ങേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്  , ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ. ക്ലാസ് നയിച്ചു. അദ്ധ്യാപകരായ റോയ് ജോസഫ് , പി.ഡി. ബേബി തുടങ്ങിയവരും സെമിനാറില്‍ സംസാരിച്ചു.

കരിയര്‍ ഗൈഡന്‍സ് സെമിനാര്‍..

          പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ +2 വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി നടത്തിയ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ പ്രശസ്ത ട്രെയിനര്‍ ശ്രീ.ജിന്റോ മാത്യു നയിക്കുന്നു.



വ്യക്തിത്വവികസന ക്യാമ്പ് 'ചങ്ങാതിക്കൂട്ടത്തിന്റെ' ഉദ്ഘാടനം ..

               വ്യക്തിത്വവികസന ക്യാമ്പ് 'ചങ്ങാതിക്കൂട്ടത്തിന്റെ' ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ നിര്‍വ്വഹിക്കുന്നു. പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ , ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ. എന്നിവര്‍ സമീപം.




ചങ്ങാതിക്കൂട്ടത്തിന് തുടക്കമായി..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂളിലേയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി നടത്തുന്ന വ്യക്തിത്വവികസന ശില്‍പ്പശാലയായ 'ചങ്ങാതിക്കൂട്ടത്തിന്' തുടക്കമായി. പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ് വി.ജെ. ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ആറു ദിവസം നീളുന്ന പ്രോഗ്രാമില്‍ വ്യക്തിത്വവികസനം , പഠനതന്ത്രങ്ങള്‍ , സ്പോക്കണ്‍ ഇംഗ്ലീഷ് , കംപ്യൂട്ടര്‍ പരിശീലനം , പ്രസംഗപരിശീലനം തുടങ്ങിയവയില്‍ വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും.

അഭിനന്ദനങ്ങള്‍... അഭിനന്ദനങ്ങള്‍...

ഹ്രസ്വചിത്രം 'ടൂര്‍' - ദൃശ്യാ സ്പെഷ്യല്‍ ന്യൂസ്..

     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് നിര്‍മ്മിച്ച ടൂര്‍ എന്ന ഹ്രസ്വ ചിത്രത്തെക്കുറിച്ച് ദൃശ്യാ ചാനലില്‍ ദൃശ്യാ സ്പെഷ്യലായി വന്ന ന്യൂസ് ചുവടെ നല്‍കുന്നു.



SSLC പരീക്ഷയില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസിന് മികച്ച വിജയം..

              പ്രദേശത്ത് ഏറ്റവുമധികം വിദ്യാര്‍ഥികളെ പരീക്ഷയില്‍ പങ്കെടുപ്പിച്ച്  മികച്ച വിജയം കരസ്ഥമാക്കിക്കൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ SSLC പരീക്ഷയില്‍ തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. 188 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 187 പേരും മികച്ച ഗ്രേഡുകളോടെ ഉപരിപഠനത്തിന് അര്‍ഹരായി. വിജയം  99.5%. ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടര്‍ച്ചയായ ആറാമതു പ്രാവിശ്യവും 100 % വിജയം കൈവരിച്ചു. നാലു കുട്ടികള്‍ എല്ലാ വിഷയത്തിനും A+ കരസ്ഥമാക്കിയപ്പോള്‍ മൂന്ന് കുട്ടികള്‍ക്ക് ഒരു വിഷയത്തിന് മാത്രമാണ് A+ നഷ്ടമായത്. 
എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയവര്‍ : ആല്‍ബര്‍ട്ട് ജെ. വേണാടന്‍ , ക്രിസ്റ്റീന മാത്യു , ലീമ ഷാജി , റോബിന്‍സ് മാത്യു.
ഒന്‍പത് A+ കരസ്ഥമാക്കിയവര്‍ : ശരത് പ്രകാശ് , അലീന ജോണ്‍സണ്‍ , റീതു മാത്യു.
            മലയോരമേഖലയില്‍നിന്നുള്ള കുട്ടികള്‍ നിരവധി പ്രതിസന്ധികളോട് പടവെട്ടി നേടിയ ഈ വിജയം ശ്രദ്ധേയവും അഭിമാനാര്‍ഹവുമാണെന്ന് ഹെഡ്മാസ്റ്റര്‍ ഫാ. ജോര്‍ജ്ജ്  വയലില്‍കളപ്പുര CMI പറഞ്ഞു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി നടത്തിയ  പ്രത്യേക പരിശീലനവും സ്കൂളില്‍ താമസിച്ചുള്ള 'പഠന ക്യാമ്പും' ഈ നേട്ടം കൈവരിക്കുന്നതിന് സഹായമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  സ്കൂളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളേയും അവരെ പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI , പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ തുടങ്ങിയവര്‍  അഭിനന്ദിച്ചു.