Friday 30 August 2013

ഇലക്കറികള്‍കൊണ്ട് ഓണസദ്യ ഒരുക്കാം..

           പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഇത്തവണ ഓണം ഉണ്ണുന്നത് വീട്ടുപരിസരത്തുനിന്ന് ലഭിക്കുന്ന ചൊറിയണങ്ങുള്‍പ്പെടെയുള്ള വിവിധ ഇലക്കറികളുപയോഗിച്ചാണ് എന്നു കേട്ടാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. കാരണം ഉപയോഗശൂന്യമെന്നുകരുതി നാം ശ്രദ്ധിക്കാതെപോകുന്ന ഇത്തരം ചെടികളെ എങ്ങിനെ സ്വാദിഷ്ടമായ വിഭവങ്ങളാക്കിമാറ്റാമെന്ന പരിശീലനം 'ഇലയറിവ് ' പരിപാടിയിലൂടെ അവര്‍ക്കുലഭിച്ചുകഴിഞ്ഞു
            അന്റോണിയന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍, കണ്ണൂരിലെ വഴിവിളക്ക് അക്കാദമിയുടെയും പരിസ്ഥിതി സംഘടനയായ ശ്രദ്ധയുടെയും പിന്തുണയോടെയാണ് 'ഇലയറിവ് ' സംഘടിപ്പിച്ചത്. ഭാരത സര്‍ക്കാരിന്റെ കൃഷിവകുപ്പ് മന്ത്രാലയം ഏര്‍പ്പെടുത്തിയ 2012 -ലെ ദേശീയ ജനിതക അവാര്‍ഡ് ജേതാവായ കണ്ണൂര്‍ സ്വദേശി സജീവന്‍ കാവുങ്കരയാണ് ഇലയറിവ് പരിപാടി നയിച്ചത്. വിഷലിപ്തവും ഗുണമേന്മയില്ലാത്തതുമായ ഭക്ഷണശീലങ്ങള്‍ നമ്മെ രോഗികളാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോള്‍ പോഷകസമൃദ്ധവും വിഷവിമുക്തവുമായ നിരവധി ഇലവര്‍ഗ്ഗങ്ങള്‍ നമ്മുടെ വീട്ടുപരിസരങ്ങളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ വളരുന്നുണ്ട്. അവ രുചികരമായി പാകം ചെയ്ത് ഉപയോഗപ്പെടുത്തുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്ന പരിപാടികളാണ് ഇലയറിവില്‍ ഉള്‍പ്പെടുത്തിയിരുന്നത്
            പോഷകസമൃദ്ധവും ഭക്ഷ്യയോഗ്യവുമായ എഴുപത്തിരണ്ടിലധികം ഇലവര്‍ഗ്ഗ ചെടികളും ചീരകളും സെമിനാറില്‍ ആധികാരികമായി പരിചയപ്പെടുത്തി. ഇലകളുടെ രുചിപാചകം പുതുമയാര്‍ന്ന അനുഭവമായിരുന്നു. സ്കൂള്‍ പരിസരത്തുനിന്ന് ലഭിച്ച ചൊറിയണങ്ങും ചേനയിലയും ചുരുളിയും മണിച്ചീരയുമൊക്കെ പാകം ചെയ്ത് സ്വാദിഷ്ടമായ കറികളാക്കി സദസിന് വിളമ്പിയപ്പോള്‍ , അതു രുചിച്ചനോക്കിയവര്‍ അമ്പരന്നുപോയി. നമ്മുടെ തൊടികളില്‍ സുലഭമായി ലഭിക്കുന്ന ഈ ഇലക്കറികള്‍ ഉപേക്ഷിച്ചാണ് അന്യസംസ്ഥാനങ്ങളില്‍നിന്നു വരുന്ന വിഷമയമായ പച്ചക്കറികള്‍ നാം ഉപയോഗിക്കുന്നത് എന്ന തിരിച്ചറിവ് പ്രദാനം ചെയ്യുന്നതായിരുന്നു ഈ പരിപാടി
            ഈ ബോധ്യം എല്ലാവര്‍ക്കും ലഭിക്കണം എന്ന ചിന്തയോടെ, സ്കൂള്‍ അധികൃതര്‍ ഇലയറിവ് പരിപാടിയിലേയ്ക്ക് പൊതുജനങ്ങളെയും ക്ഷണിച്ചിരുന്നു. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി, വിവിധ കര്‍ഷക സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പരിസ്ഥിതി കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് മുന്നൂറോളം ആളുകള്‍ പരിപാടിയില്‍ സംബന്ധിക്കുവാന്‍ എത്തിയിരുന്നു. ഇത്തവണ ഓണത്തിന് കോട്ടയം ജില്ലയിലെ നിരവധി ഭവനങ്ങളില്‍ ഇലക്കറികള്‍ ഒരു പ്രധാന വിഭവമായിയെത്തും എന്ന ശുഭപ്രതീക്ഷയിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍.

Tuesday 27 August 2013

CIVIL ZEST 2013

            പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കരിയര്‍ ക്ലബിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വ്വീസ് ഓറിയെന്റേഷന്‍ നടന്നു.( Civil Service Orientation Workshop) ശ്രീ. ജ്യോതിസ് മോഹന്‍ IRS (അസി. ഇന്‍കംടാക്സ് കമ്മീഷനര്‍)ഉദ്ഘാടനം ചെയത വര്‍ക്ക്ഷോപ്പില്‍,  സാംതോം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സി. ജയറക്ടര്‍ ഡോ. പി.ജെ. വര്‍ക്കി ക്ലാസ്  നയിച്ചു. മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, പ്രിന്‍സിപ്പാള്‍ എ.ജെ. ജോസഫ്, ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ദേസവ്യാ ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.


Tuesday 20 August 2013

അശ്ലീല പോസ്റ്ററുകള്‍ക്കെതിരേ അന്റോണിയന്‍ ക്ലബ്..


അശ്ലീലതയും വയലന്‍സും നിറഞ്ഞ സിനിമാ പോസ്റ്ററുകളും പരസ്യങ്ങളും പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിയ്ക്കും നിവേദനം നല്‍കുന്നു.

                            സഭ്യതയുടെ അതിരുകടക്കുന്ന രീതിയില്‍ സിനിമാ പോസ്റ്ററുകളില്‍ കാണപ്പെടുന്ന അശ്ലീലതയ്ക്കും വയലന്‍സിനും എതിരേ പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ക്ലബ് അംഗങ്ങള്‍ രംഗത്ത്. സ്കൂളിനു സമീപം ഒട്ടിച്ചിരുന്ന ഒരു തമിഴ് സിനിമയുടെ പോസ്റ്ററില്‍ കണ്ട ചില ദൃശ്യങ്ങളാണ് ക്ലബ് അംഗങ്ങളെ ഇതിന് പ്രേരിപ്പിച്ചത്. അര്‍ദ്ധനഗ്നരായ യുവതികളുടെ അശ്ലില ചിത്രങ്ങളോടൊപ്പം ഒരാള്‍ കത്തി ഉപയോഗിച്ച് ഒരു യുവതിയുടെ കഴുത്ത് മുറിയ്ക്കുന്ന ക്രൂര ദൃശ്യവും ഈ പോസ്റ്ററില്‍ ഉണ്ടായിരുന്നു.
             "ഈ കാഴ്ച്ച ഞങ്ങള്‍ കുട്ടികളടക്കമുള്ളവര്‍ ആഴ്ച്ചകളായി കണ്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടില്‍ അക്രമവാസനകളും സ്ത്രീ പീഢനങ്ങളും വര്‍ദ്ധിച്ചുവരുന്നതില്‍ ഇത്തരം പോസ്റ്ററുകളും ഒരു പങ്കുവഹിക്കുന്നുണ്ട്. ഇന്ന് കേരളം മുഴുവന്‍ ഷെഫീക്കിനായി പ്രാര്‍ഥിക്കുമ്പോള്‍, അത്തരം ദുരവസ്ഥകളിലേയ്ക്ക് പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ളവര്‍ എത്തിച്ചേരുന്നതിനുപിന്നില്‍ ഇതും ഒരു കാരണമല്ലേ..?” ക്ലബ് അംഗങ്ങള്‍ ചേദിക്കുന്നു.
                  അന്റോണിയന്‍ ക്ലബിന്റെ മാസമീറ്റിംഗില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നു. ഈ രീതിയില്‍ അക്രമങ്ങളും അശ്ലീലതയും നിറഞ്ഞ പോസ്റ്ററുകളും പരസ്യങ്ങളും പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയണം എന്നഭ്യര്‍ത്ഥിച്ചുകൊണ്ട് കുട്ടികള്‍ നിവേദനം തയ്യാറാക്കുകയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്തിലെത്തി പ്രസിഡന്റിനും സെക്രട്ടറിയ്ക്കും കൈമാറുകയും ചെയ്തു.
                നന്മയ്ക്കായുള്ള പ്രതികരണങ്ങള്‍ കുറഞ്ഞുവരുന്ന ഈ കാലത്ത്, ഒരു സാമൂഹ്യവിപത്തിനെതിരേ തങ്ങളാലാവുംവിധം പ്രതികരിക്കുവാനുള്ള ശ്രമത്തിലാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ കുരുന്നുകള്‍.

Thursday 1 August 2013

പുകയിലവിരുദ്ധ ബോധവത്ക്കരണ പരിപാടി

            പൂഞ്ഞാര്‍ പി.എച്ച്.സി. -യുടെ സഹകരണത്തോടെ കുട്ടികള്‍ക്കായി പുകയിലവിരുദ്ധ ബോധവത്ക്കരണ പരിപാടി സ്കൂളില്‍ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI, പി.റ്റി.എ. പ്രസിഡന്റ് വി.എസ്.ശശിധരന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. തുടര്‍ന്ന് പി.എച്ച്.സി. യിലെ ഡോക്ടര്‍മാര്‍ നയിച്ച വിവിധ ക്ലാസുകളും നടന്നു.